കേരളപ്പിറവി ദിനം &മാതൃഭാഷ ദിനം 🥳

ഐക്യകേരളത്തിന് ഇന്ന് 66ാം പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ഇന്ന് കേരളം. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്നാണ് മലയാളികളുടെ സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളം രൂപം കൊള്ളുന്നത്. പലതരത്തിലുള്ള പ്രതിസന്ധി ഘട്ടത്തിലും പോരാടി വിജയിച്ച കേരളീയർക്ക് ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികം തന്നെയാണ്. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി.
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടി ഇന്ത്യൻ യൂണിയൻ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നിൽക്കുകയായിരുന്നു മലയാളികൾ. 1947 ൽ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് ഐക്യ കേരളം പിറന്നത്. അങ്ങനെ 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളുടെ കൂടിച്ചേരല്‍. അവതാര ഐതീഹ്യത്തോളം പഴക്കമുള്ള ദേശം ഐക്യരൂപം കൊണ്ടത് മലയാളഭാഷയുടെ പേരില്‍. അതായത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു.

മലയോരവും തീരവും ഇടനാടും ചേര്‍ന്ന വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടായി നമ്മുടെ കേരളം. മലയാളികൾക്ക് എന്നും അവകാശപ്പെടാവുന്ന ഒന്നാണ് കേരളം പാരിസ്ഥിതികമായും സാമൂഹികമായും ഒരുപടി മുൻപിൽ തന്നെയാണെന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളും കൊണ്ട് സമ്പന്നമാണ്. ഒപ്പം മനുഷ്യർക്ക് താമസിക്കാൻ അനുയോജ്യമായ ഒരു കാലാവസ്ഥയും നമ്മുടെ കൊച്ചു കേരളത്തിനുണ്ട്. വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം, ലോകത്തിലെ സന്ദർശനം നടത്തേണ്ട അമ്പതുസ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് ട്രാവലർ മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പോരാട്ടങ്ങൾ അരങ്ങേറിയിരുന്നു. അവയുടെയെല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാന രൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്‍റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്ഗോഡ് താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്‍റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിന് പഴയ തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നു വിരമിക്കുകയും ബി. രാമകൃഷ്ണ റാവു ഗവര്‍ണറായി തിരു കൊച്ചിയില്‍ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്.

കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള കേരള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇതോടെ തിരു കൊച്ചി, തിരുവിതാംകൂർ രാജവംശങ്ങളുടെ ഭരണത്തിനും അറുതിയായി. ആദ്യ തിരഞ്ഞെടുപ്പും കേരളത്തെ ലോകത്തിന് മുന്നിൽ വ്യത്യസ്തരാക്കി. അതായത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന റെക്കോർഡ് ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് ലഭിച്ചു. പിന്നീട് സംഭവ ബഹുലമായ അര നൂറ്റാണ്ടിന്‍റെ രാഷ്ട്രീയ ചരിത്രത്തിലൂടെയാണ് കേരളം കടന്നുപോയത്. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. എന്നാൽ ഇന്ന് കൃഷിയിറക്കുന്നത് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊട്ടിഘോഷിച്ചെങ്കിലും ഭൂമിയുടെ അവകാശത്തിനായി വനവാസികളടക്കമുളളവരുടെ പോര് ഇന്നും തുടരുന്നു. സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലുമെല്ലാം രാജ്യത്തെ മുന്നോട്ട് നയിക്കാനും മാതൃകയാക്കാനും അന്നും ഇന്നും മലയാളികൾ മത്സരിച്ചുകൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു സത്യമാണ്. 1950 കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്നപേരിൽ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുമുണ്ട്‌.

കേരളത്തിന്റെ മറ്റൊരു പ്രത്യേകത സാക്ഷരതയാണ്. സമ്പൂര്‍ണ സാക്ഷരതയിലൂടെയാണ് കേരളം രാജ്യത്തിന് വഴികാട്ടിയാകുന്നത്. 91% സാക്ഷരതയാണ്‌. ഇന്ത്യയിലെതന്നെ ഏറ്റവുമുയർന്ന സാക്ഷരതാനിരക്കാണിത്. അഞ്ചു ജില്ലകൾ മാത്രമായി രൂപംകൊണ്ട കേരള സംസ്ഥാനം ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും അടങ്ങിയതാണ്. ഇതിനിടയിൽ കേരളം ഉണ്ടായതിനെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനില്‍ക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു എറിഞ്ഞു സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നതാണ് പ്രസിദ്ധമായ ഒരു ഐതീഹ്യം. വ്യത്യസ്ത സംസ്‌കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമായ ഈ സംസ്ഥാനത്തിന് 'കേരളം' എന്ന പേര് ലഭിച്ചതിന് പിന്നിലും പലതരത്തിലുള്ള ഐതീഹ്യമുണ്ട്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം ആയതിനാലാണ കേരളം എന്ന പേരു വന്നതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ 'ചേരളം' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് 'കേരളം' എന്നും മറ്റൊരു വാദമുണ്ട്. ഇങ്ങനെ അനവധി അഭിപ്രായങ്ങള്‍ കേരളമെന്ന പേരിനുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കുറച്ചു വർഷങ്ങൾക്ക് ശേഷം അതായത് മഴയും വെള്ളപ്പൊക്കവും ശേഷംവന്ന കൊറോണ മഹാമാരിയും കടന്ന് ഇത്തവണ കേരളം 'കേരളപ്പിറവി' ആഘോഷിക്കുകയാണ്.
ഇതിന്റെ ഭാഗമായി നമ്മുടെ കോളേജിന്റെയും (ഗവ. കോളേജ് ഫോർ ടീച്ചർ എഡ്യൂക്കേഷൻ, തൈക്കാട് ) മലയാളം വിഭാഗത്തിന്റെയും നേതൃത്വത്തിൽ കേരളപിറവി ആഘോഷം സംഘടിപ്പിക്കുകയുണ്ടായി. കേരളപിറവി ദിനത്തോടൊപ്പം മാതൃഭാഷ  ദിനാചാരണവും ആണ് സംഘടിപ്പിച്ചത്.. യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വിഭാഗം അധ്യാപിക സുഷമ കുമാരി ടീച്ചർ ആയിരുന്നു മുഖ്യ അതിഥി. ഞങ്ങളുടെ കോളേജിന്റെ നാഥൻ ആയിട്ടുള്ള സന്തോഷ്‌ കുമാർ സാറും മറ്റ് അധ്യാപകരും സുഹൃത്തുക്കളും ഈ ആഘോഷത്തിനായി ഒത്തു ചേർന്നിരുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായ വിളക്ക് കൊളുത്തി ഔദ്യോഗികമായി ചടങ്ങ് ഉത്ഘാടനം ചെയ്തു. സുഷമ ടീച്ചർ മലയാള ഭാഷയുടെ മഹത്വവും ഇന്നത്തെ അവസ്ഥയെയും കുറിച്ച് സംസാരിച്ചു. മാതൃഭാഷ ദിനാചാരണത്തോട് അനുബന്ധിച്ചു പ്രതിജ്ഞ ചൊല്ലി...

മലയാളം മറക്കുന്ന മലയാളികള്‍ എന്നുപറയുമ്പോള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ത്ഥം. മലയാളികളുടെ മാതൃഭാഷയായ മലയാളം ഇന്ന് മലയാളികളാല്‍ തന്നെ അവഗണിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാഴ്ചകളാണ് നമുക്ക് കാണാനാവുക. ദൃശ്യമാധ്യമങ്ങളുടെ പേമാരിക്കാലത്ത്, ചാനലുകളിലെ അവതാരകരാണ് മലയാളത്തെ കശാപ്പുചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നു കാണാനാവും. ഇതിലേറേ ആശ്ചര്യകരം മലയാളികളുടെ സ്വന്തം മാതൃഭാഷയായ മലയാളത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത് ഈ അടുത്തകാലത്താണ് എന്നതാണ്. എന്നാല്‍ ഉത്തരവുകളും പരിഗണനകളുമെല്ലാം കാറ്റില്‍പ്പറത്തികെണ്ട് നമ്മുടെ ഭാഷയെ എല്ലായിടവും അവഗണിക്കുന്നതിന്റെ അനുഭവങ്ങളാണ് ഔദ്യോഗികമായിത്തന്നെ കാണാവുന്നത്.

കേരളത്തിലെ സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതു ന്നെ 2011 മേയ് അഞ്ചിനാണ്. എന്തായാലും കഴിഞ്ഞ ദിവസം പത്താംക്ലാസ് വരെയുള്ള സ്‌കൂള്‍ പഠനത്തില്‍ മലയാളം നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നിരിക്കുന്ന ഈയവസരത്തില്‍ ചെറുതല്ലാത്ത ആശ്വാസവും ആഹ്ളാദവുമാണ് ഭാഷ സ്‌നേഹികള്‍ക്ക് കൈവന്നിരിക്കുന്നത്. കാരണം, ഇന്നു മലയാളികളില്‍, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് മഹത്തരമെന്നു ധരിച്ചുവശായ മാതാപിതാക്കളുടെ ന്യൂജനറേഷന്‍ മക്കളില്‍ പലര്‍ക്കും മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. സ്വയമേ മലയാളം പഠിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിതമായി മലയാളം പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടാതാണ് എന്ന  സര്‍ക്കാരിന്റെ ബോധ്യത്തെ അഭിനന്ദിക്കാതെ വയ്യ.

മലയാളം നാവിനും പേനയ്ക്കും വഴങ്ങാത്ത ഒരു ദുരന്ത തലമുറ ഇതിനകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ആവര്‍ത്തനം ഒഴിവാക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഈ ഓര്‍ഡിനന്‍സ് നിറവേറ്റാന്‍ പോകുന്നത്. അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാപകരമാണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നുള്ളത്. അത് പലപ്പോഴും അധ്യാപകരുടെ പലവിധ ക്രൂരതകള്‍ക്കും കുട്ടികള്‍ ഇരയാകുന്ന ഘട്ടത്തിലേക്ക് വരെ എത്തിച്ചേര്‍ന്നിരുന്ന വാര്‍ത്തകള്‍ നമുക്ക് അപരിചിതമല്ല . ഇതെല്ലാം ഇവിടെ നടക്കുമ്പോള്‍ പണ്ഡിതവരേണ്യരും അധികൃതരുമൊക്കെ ഇവിടെ എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം വരുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം തമിഴന്റേയും കന്നടക്കാരന്റെയുമൊക്കെ മാതൃഭാഷാ സ്‌നേഹത്തെ, ഭാഷാഭിമാനത്തെ നമിക്കുകതന്നെ വേണം. അവര്‍ക്ക് മാതൃഭാഷ ജീവനില്‍ നിന്നും ജീവിതത്തില്‍ നിന്നും വേറിട്ടതല്ല എന്നതില്‍ മലയാളികള്‍ക്ക് പാഠങ്ങളുണ്ട്.

നാം മലയാളികള്‍ മാതൃഭാഷയെ ജീവതത്തോട് ചേര്‍ത്തു നിര്‍ത്തി ഊറ്റം കൊള്ളുന്നത് 'എനിക്ക് മലയാലം റെറ്റ് ചെയ്യാനോ, റീഡ് ചെയ്യാനോ അരിയില്ല' എന്നഭിമാനിച്ച് കൊണ്ടാണ്. ദൃശ്യമാധ്യമങ്ങളിലൂടെ പേരെടുത്ത ചിലയാളുകള്‍ മലയാളം പറയുന്നതുതന്നെ മലയാളത്തെ ഇംഗ്ലീഷില്‍ എഴുതി മലയാളത്തില്‍ ഉച്ഛരിച്ചാണ് എന്നതറിയുമ്പോള്‍ ചുരുങ്ങിയ പക്ഷം നാം ഒന്നു ഞെട്ടേണ്ടതെങ്കിലുമാണ്. മറിച്ച് നാം ചെയ്യുന്നത് അത്യധികം ആരാധനയോടെ അവരുടെ വാക്‌സാമര്‍ത്ഥ്യത്തെ വാനോളം പുകഴ്ത്തുകയാണ്. മലയാള ലിപികളും വാക്കുകളും അര്‍ത്ഥങ്ങളുമൊക്കെ വക്കൊടിഞ്ഞും വലിഞ്ഞുനീണ്ടും വികലമാകുന്നതിന്റെ വേദനയുടെ അസ്വസ്ഥത നമ്മുടെ മനസ്സിനെ മഥിക്കുന്നില്ല. ഇത് ജുഗുപസാവഹമാണ്. ആത്യന്തികമായി മാപ്പര്‍ഹിക്കാത്ത കുറ്റവും.
മാധ്യമങ്ങളുടെ ആധിക്യവും ആധിപത്യവും, നമ്മുടെ ഭാഷയുടേയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ സഹായിക്കേണ്ടതാണ്. എന്നാല്‍ അവ മഹത്തായ നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ അധിനിവേശം നടത്തുകയാണ് ചെയ്യുന്നത്. ഭാഷയുടെ ഉപയോഗവും ഉച്ഛാരണവും മുതല്‍ എല്ലാം നമ്മള്‍ അറിഞ്ഞുകൊണ്ടുതന്നെ ആംഗലേയവത്കരിക്കുകയാണ്. അവിടെ നമ്മുടെ ഭാഷയുടെ മഹത്വം അവഗണിക്കപ്പെടുകയാണ്. നമ്മള്‍ നമ്മുടെ മലയാളത്തെ ഇംഗ്ലീഷിലാക്കി സ്വന്തം സ്വത്വങ്ങള്‍ നഷ്ടപ്പെടുത്തുന്നു. അതിന് ദൃശ്യമാധ്യമങ്ങള്‍ അവറ്റകളെക്കൊണ്ടാവോളം സൗകര്യങ്ങളൊരുക്കുന്നു. അപ്പോഴും മലയാളത്തിലെ മാധ്യമങ്ങളുടെ എണ്ണത്തില്‍ നാം ഊറ്റം കൊള്ളുന്ന സമൂഹമായി തുടരുകയും ചെയ്യുന്നു.

'അമ്പത്താറക്ഷരമല്ല

അമ്പത്തൊന്നക്ഷരവുമ-

ല്ലെന്റെ മലയാളം...

മലയാളമെന്ന നാലക്ഷരവുമല്ല

അമ്മ എന്ന ഒരൊറ്റക്ഷരമാണ്

മണ്ണ് എന്ന ഒരൊറ്റക്ഷരമാ

ണെന്റെ മലയാളം'

എന്നു കുഞ്ഞുണ്ണി മാഷ് പാടിയ പോലെ, നമ്മുടെ (എന്റെ) മലയാളം നമ്മുടെ അമ്മയും മണ്ണുമാണെന്നുമുള്ള തിരിച്ചറിവ് ഓരോ മലയാളിക്കുമുണ്ടാവണം. സ്വന്തമായി ഒരു ഭാഷയുണ്ടായിരിക്കുകയെന്നത് എത്ര വലിയ അനുഗ്രഹമാണെന്ന് ആ ഭാഷ ഇല്ലാതാകുമ്പോഴേ മനസ്സിലാകൂ. മാതൃഭാഷയെ പുച്ഛിക്കുന്നവര്‍ മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാത്തവരാണ്. മാതൃഭാഷയെ അവഗണിച്ചാലും സാരമില്ല, താത്കാലികവും പ്രായോഗികവുമായ നേട്ടങ്ങള്‍ ഉണ്ടായാല്‍ മതി എന്നു വിചാരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മണ്ടത്തരം ചെയ്യുന്നവരാണെന്നേ പറയാനാകൂ. തികച്ചും താത്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി, ചില മുന്‍വിധികളില്‍ കുടുങ്ങി മലയാളം മറക്കുന്ന മലയാളി വാസ്തവത്തില്‍ അത്യന്തം ദയനീയ സ്ഥിതിയിലാണെന്നതാണ് സത്യം.

ഭാര്യ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുമ്പോഴെ, കുട്ടി ജനിക്കുമ്പോള്‍ത്തന്നെ ഇംഗ്ലീഷിന്റെ മണവും വായുവും ശ്വസിക്കാനും സംസാരിക്കണമെന്ന ആഗ്രഹത്തോടെ, പ്രസവം ഇംഗ്ലണ്ടില്‍ വെച്ച് നടത്താന്‍ ആലോചിക്കുന്ന ഭര്‍ത്താവ്- ഇതു വെറും കവി കല്‍പന മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയെ വളച്ചൊടിക്കലുകള്‍ ഇല്ലാതെ, തുറന്നു കാണിക്കുന്ന കവി ഒരു കാലഘട്ടത്തിന്റെ നെടുവീര്‍പ്പാണ് പങ്കുവെക്കുന്നത്..!

പുതു തലമുറക്ക് മലയാളം എഴുതാനും വായിക്കാനും കഴിയാതായെങ്കില്‍ അത് അവരുടെ കുറ്റമല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. മക്കള്‍ക്ക് നല്ലത് വരട്ടെ എന്ന വിചാരത്തില്‍, ഇംഗ്ലീഷിന്റെ പിന്നാലെ അവരെ അയച്ച മാതാപിതാക്കളെയും അവരെ അതിന് പ്രേരിപ്പിച്ച സമൂഹമനോഭാവത്തെയുമാണ് പഴി പറയേണ്ടത്. ആരോഗ്യം നന്നാകട്ടെ എന്നു കരുതി കുട്ടികള്‍ക്ക് മാരകമായ ഔഷധം കൊടുക്കുന്നത് പോലെയാണത്. മലയാള ഭാഷയുടെ ആദ്യ പാഠങ്ങള്‍ നല്‍കാതെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ മനോഭാവം മാറേണ്ടതുണ്ട്. മാതൃഭാഷയില്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് വിഷയങ്ങള്‍ പഠിക്കാന്‍ എളുപ്പമാകും. ഇതിലൂടെ കൂടുതല്‍ വിജ്ഞാനം വശത്താക്കാന്‍ സാധിക്കും. മലയാള ഭാഷ നന്നായി പഠിപ്പിച്ചതിന് ശേഷമായിരിക്കണം മറ്റു ഭാഷകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ പരിശീലനം നല്‍കേണ്ടത്. കുട്ടികളെ മലയാളം നന്നായി എഴുതാനും വായിപ്പിക്കാനും പഠിപ്പിക്കണം. മാതൃഭാഷ പഠിച്ചാല്‍ മറ്റു ഭാഷകള്‍ കൈപിടിയിലൊതുക്കാന്‍ കുട്ടികള്‍ക്ക് എളുപ്പമാകും.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ച് മലയാളം മറന്ന് പോകുന്ന വിദ്യാര്‍ഥികള്‍ സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ എത്തുകയും മലയാളം പഠിച്ച കുട്ടികള്‍ക്ക് അത്തരം അവസരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ആപത്കരമാണ്. ഇംഗ്ലീഷ് പഠിക്കാന്‍ മലയാളം പഠിക്കാതിരിക്കുന്നതാണ് നല്ലതെന്ന മൂഢവിശ്വാസം ചിലര്‍ക്കുണ്ട്. ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മാനോഭാവത്തിന് മാറ്റം വരണം. മലയാള ഭാഷ നന്നായി പഠിക്കാന്‍ കുട്ടികള്‍ക്ക് ബാല്യത്തില്‍ തന്നെ പരിശീലനം നല്‍കണം. ഇതിലൂടെ മാത്രമേ അവര്‍ക്ക് നമ്മുടെ സംസ്‌കാരവും പൈതൃകവും പഠിക്കാന്‍ സാധിക്കുകയുള്ളൂ. മാതൃഭാഷയില്‍ നിന്ന് അകലുമ്പോള്‍ അവര്‍ നമ്മുടെ പൈതൃകത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അകലുന്നു. മലയാളി എന്ന സ്വത്വവിചാരത്തിന് ഇളക്കം തട്ടുന്നു. ഇതൊന്നും നല്ല സൂചനകളല്ല.

എന്റെ മോന്‍/മോള്‍ക്ക് മലയാളം അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മലയാളികളുണ്ട്!

ഈ സ്ഥിതി ഇപ്പോള്‍ കുറെയൊക്കെ മാറി വരുന്നുണ്ട്. എത്ര നല്ല ഇംഗ്ലീഷ് പറഞ്ഞാലും നമ്മളൊരിക്കലും ഇംഗ്ലീഷുകാരാവുകയില്ല. എന്നാല്‍ ആ വ്യര്‍ത്ഥശ്രമത്തിനിടയില്‍ നമ്മള്‍ മലയാളിയല്ലാതായിത്തീരുക മാത്രം ചെയ്യുന്നു. പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും മലയാളം പറഞ്ഞാല്‍ ഫൈന്‍ ഈടാക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാരാണ് മലയാള ഭാഷയെ അപമാനിക്കുന്നത്. കൊച്ചു കുട്ടികള്‍ക്ക് പോലും സ്വന്തം ഭാഷയില്‍ മറ്റു കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിന് ചങ്ങലക്കിടുന്ന പ്രവണത. ഇത് വിദ്യാര്‍ഥികളില്‍ സംഘര്‍ഷം ഉണ്ടാക്കും. ഇംഗ്ലീഷിന് നല്‍കുന്ന പ്രാധാന്യമെങ്കിലും മലയാളത്തിനും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകണം. മലയാളത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിന് തന്നെ മാറ്റം വരണം. അല്ലെങ്കില്‍ ഈ ഭാഷ അധികം വൈകാതെ അപ്രത്യക്ഷമാകുന്ന ദുരന്തത്തിനും നാം സാക്ഷിയാകും ..!

പുരസ്‌കാര സ്വീകരണത്തിനായി കവി ഡല്‍ഹിയിലെത്തി. പുരസ്‌കാര സ്വീകരണത്തിനുശേഷം കൈപ്പറ്റു രസീതില്‍ അദ്ദേഹം അഭിമാനപൂര്‍വ്വം മലയാളത്തില്‍ പേരെഴുതി ഒപ്പിട്ടു. എന്നാല്‍ കൈയ്യൊപ്പ് ഇംഗ്ലീഷില്‍ വേണമെന്ന് കാര്യദര്‍ശി ഉദ്യോഗസ്ഥന്‍ ശഠിച്ചപ്പോള്‍ ഭാഷാഭിമാനം കൊണ്ട് ആ കവി പൊട്ടിത്തെറിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

'ഈ ഭാഷകൊണ്ടാണ് ഞാനിവിടെയെത്തിയത്. ഈ ഭാഷ വേണ്ടെങ്കില്‍ നിങ്ങളുടെ നക്കാപ്പിച്ച കാശെനിക്കും വേണ്ട.' കവിയുടെ കത്തിജ്വലിക്കുന്ന ഭാവവും വാക്കുകളും അധികൃതരുടെ പിടിവാശി കളഞ്ഞുവെന്നുമാത്രമല്ല; അവര്‍ കവിയോട് മാപ്പിരക്കുകയും ചെയ്തു എന്നത് ഭാഷാപ്രണയ ചരിത്രം.

'ജനനീ ജന്മഭുമിശ്ച

സ്വര്‍ഗാദപി ഗരീയസി' 

എന്ന ആപ്ത വാക്യം അനുസരിച്ച് പെറ്റമ്മയ്ക്കും പിറന്ന ഭുമിക്കും നാം പ്രാധാന്യം കല്‍പ്പിക്കുന്നതുപോലെ, മാതൃഭാഷയ്ക്കും അര്‍ഹമായ സ്ഥാനം നല്‍കേണ്ടതാണ്. പ്രതിസന്ധികള്‍ തരണം ചെയ്തു വളര്‍ച്ചയുടെ പുതിയ പടികള്‍ കടന്ന് ഔന്നത്യത്തിന്റെ ഗിരിശൃംഗങ്ങളിലേക്ക് നമ്മുടെ മലയാള ഭാഷ മുന്നേറുമെന്നു പ്രത്യാശിക്കാം.
മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കേവലം നവംബർ 1 എന്ന ദിവസത്തിൽ ഒതുങ്ങാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരട്ടെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... 😍നല്ല ഒരു നാളേക്ക് വേണ്ടി പ്രയത്നിക്കാം 😊...
Keep it simple!!!



Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤