സംവാദം 🙅‍♀️🙅‍♀️

9/12/2022 ഉച്ചക്ക് ശേഷം 2 മണിക്ക് സംവാദം ആരംഭിച്ചു. "ഇന്നത്തെ വിദ്യാഭ്യാസ രീതി സമകാലീന സമൂഹത്തിന്റെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടോ?" എന്നതായിരുന്നു വിഷയം. ഞങ്ങളുടെ തന്നെ കോളേജിലെ M. Ed വിദ്യാർത്ഥികളുടെ ഇന്റേൺഷിപ് അവസാന ദിനത്തോടനുബന്ധിച്ചാണ് സംവാദം സംഘടിപ്പിച്ചത്.10 പേർ അടങ്ങുന്ന 2 ഗ്രൂപ്പുകൾ തിരഞ്ഞെടുക്കപ്പെട്ടു.ഇന്നത്തെ വിദ്യാഭ്യാസ രീതിയെ അനുകൂലിക്കുന്ന ഗ്രൂപ്പിൽ ആണ് ഞാൻ ഉൾപ്പെട്ടത്. ആശ ടീച്ചർ, പ്രവീണ ടീച്ചർ, റോഷ്‌ന ടീച്ചർ എന്നിവരായിരുന്നു സംവാദത്തിന്റെ വിധികർത്താക്കൾ. ജെസ്സിയെ സംഭവത്തിന്റെ മോഡറേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു.





കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. 

എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തില്‍ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നത് അഭിമാനാര്‍ഹമായ സംഗതിയാണ്, മാറ്റങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടിയാണ് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം കേരളത്തിന്റെ മണ്ണില്‍ വേരോടിത്തുടങ്ങുന്നത്. അതിനു മുമ്പ് സവര്‍ണര്‍ക്കിടയില്‍ പരിമിതമായ ഗുരുകുല സമ്പ്രദായത്തിലുള്ള വേദ പഠനത്തില്‍ ഒതുങ്ങുന്നതായിരുന്നു വിദ്യാഭ്യാസം. ചില രാജാക്കന്മാരുടെ മുന്‍കൈയില്‍ അങ്ങിങ്ങായി ചില എഴുത്തു പള്ളിക്കൂടങ്ങള്‍ ഉണ്ടായിരുന്നു എന്നു മാത്രം. നായര്‍ വിഭാഗത്തിന് തങ്ങളുടെ കുലധര്‍മമായ യുദ്ധമുറകള്‍ അഭ്യസിക്കുന്നതിന് കളരികള്‍ സ്ഥാപിക്കപ്പെട്ടു. താഴ്ന്ന ജാതിക്കാര്‍ക്ക് അച്ഛനമ്മമാരോടൊപ്പം കുലത്തൊഴില്‍ അഭ്യസിക്കുക എന്നതു തന്നെയായിരുന്നു വിദ്യാഭ്യാസം. ഭരണ നവീകരണം ലക്ഷ്യമിട്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുമായി സഹകരിച്ച് ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. മിഷണറി സംഘങ്ങളാണ് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തിയത്. അയിത്ത ജനവിഭാഗങ്ങളുടെ ഉണര്‍വ് വിദ്യാഭ്യാസം സാര്‍വത്രികമാവുന്നതില്‍ സാരമായ പങ്കു വഹിച്ചു. ജാതിയുടെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. വിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം വഴി ബ്രിട്ടീഷുകാരുടെ ലക്ഷ്യം തങ്ങള്‍ക്കാവശ്യമുള്ള കണക്കപ്പിള്ളമാരെ (ഭരണ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരെ) വാര്‍ത്തെടുക്കുക എന്നതായിരുന്നെങ്കിലും അവരുദ്ദേശിക്കാത്ത ഫലങ്ങളും അതുകൊണ്ടുണ്ടായി. കോളനി വിരുദ്ധ സമരങ്ങളിലേക്ക് ഒരു കൂട്ടം ആളുകളെ തിരിച്ചുവിട്ടത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് വിധിവൈപരീത്യമായി തോന്നാം.

സ്വാതന്ത്ര്യാനന്തരം സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു വേണ്ട ഭരണപരമായ ശ്രമങ്ങള്‍ പുരോഗമിച്ചു. മുന്‍തലമുറയെ അപേക്ഷിച്ച് പുതുതലമുറയില്‍ സ്കൂളിന്റെ പടി കാണാത്തവര്‍ അപൂര്‍വമോ അപൂര്‍വത്തില്‍ അപൂര്‍വമോ ആണ്. വിദ്യാഭ്യാസം അത്രമേല്‍ ജനകീയവും അതിജീവനത്തിന്റെ ആവശ്യോപാധിയുമായിരുന്നു. ഒരു ദശകം മുമ്പു വരെ പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് മതിയാക്കുന്നവര്‍ ഏറെയായിരുന്നു. പഠനം തുടരുന്നവരില്‍ തന്നെ വലിയ ഭൂരിപക്ഷം പത്താം ക്ലാസോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന പ്രവണതക്കായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ വ്യക്തിഗത പഠനത്തിന്റെ സ്വാഭാവികമായ അതിര്‍ത്തി ഹയര്‍സെക്കണ്ടറിയോ ബിരുദമോ എങ്കിലുമായി വികസിച്ചതായി കാണാം. ഇത് പൊതുസമൂഹത്തിന് വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തില്‍ വന്ന ഗുണപരമായ പരിവര്‍ത്തനത്തിന്റെ സൂചനയായെടുക്കാം. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ വിദ്യാഭ്യാസപരമായി ശാക്തീകരിക്കപ്പെട്ടതാണ് സമീപകാലത്തെ വിസ്മയകരമായ മാറ്റം. പഴയ തലമുറയില്‍ ആണുങ്ങളെ അപേക്ഷിച്ച് സ്ത്രീകളിലായിരുന്നു നിരക്ഷരത കൂടുതല്‍. ഇന്നാകട്ടെ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള പെണ്‍കുട്ടികള്‍ക്ക് തത്തുല്യ യോഗ്യതകളുള്ള ആണ്‍കുട്ടികളെ വരന്മാരായി കിട്ടുക താരതമ്യേനെ ദുഷ്കരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ മതജന വിഭാഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.

ടെക്നോളജി, ഡിസ്റ്റന്റ് എഡ്യൂക്കേഷൻ, വൊക്കേഷണൽ എഡ്യൂക്കേഷൻ തുടങ്ങിയ പോയിന്റുകൾ ഞങ്ങൾ ഉന്നയിച്ചു.
അതേസമയം സെക്സ് എഡ്യൂക്കേഷൻ, ഭിന്നശേഷി വിഭാഗത്തിന് വേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങളുടെ അഭാവം, അന്യ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കൂട്ട പ്രവാഹം എന്നിവ എതിർ ഗ്രൂപ്പ്‌ ഉന്നയിച്ചു.
സംവാദത്തിന്റ അവസാനം ആശ ടീച്ചർ റിസൾട്ട്‌ പ്രഖ്യാപിച്ചു. 



ഞങ്ങളുടെ ഗ്രൂപ്പിൽ നിന്ന് കൃഷ്ണകുമാർ (മലയാളം വിഭാഗം ) മികച്ച പെർഫോർമർ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എതിർ ഗ്രൂപ്പിൽ നിന്ന് കീർത്തന അനിൽ (ഗണിത വിഭാഗം )മികച്ച പെർഫോർമർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 



കൂടുതൽ പേർ പങ്കെടുത്തതിനാൽ ഞങ്ങളുടെ ഗ്രൂപ്പ്‌ മികച്ച ഗ്രൂപ്പ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. സംവാദത്തിന്റെ തനതായ ശൈലിയിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളാൽ കഴിയുന്ന പോലെ സംവാദം നടത്തിയെന്ന് വിലയിരുത്തപ്പെട്ടു.

Keep it Simple!!!

Comments

Popular posts from this blog

WORLD MUSIC DAY CELEBRATION - ഹിന്ദോളം🎻🎹🎼🎙️

Community Living Camp -DAY 4❤❤